വസ്‌തു തര്‍ക്കം: സഹോദരന്റെ തലയടിച്ചു തകര്‍ത്ത പാസ്‌റ്ററും ഭാര്യയും അറസ്‌റ്റില്‍


 റാന്നി: വസ്‌തു തര്‍ക്കത്തെ തുടര്‍ന്ന്‌ മൂത്ത സഹോദരന്റെ തലയടിച്ചു തകര്‍ക്കുകയും കുടുംബാംഗങ്ങളെ വീടു കയറി ആക്രമിക്കുകയും ചെയ്‌ത കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പാസ്‌റ്ററും ഭാര്യയും അറസ്‌റ്റില്‍.

തോമ്ബിക്കണ്ടം തടത്തില്‍ വീട്ടില്‍ പാസ്‌റ്റര്‍ ടി.എ. ബാബു, ഭാര്യ ലിംസി എന്നിവരാണ്‌ അറസ്‌റ്റിലായത്‌. റാന്നി പോലീസ്‌ ഇന്ന്‌ പിടികൂടിയത്‌.
ഇയാളുടെ മൂത്ത സഹോദരന്‍ ഓലിക്കല്‍ വീട്ടില്‍ ജോസ്‌ എന്ന്‌ വിളിക്കുന്ന കൊച്ചുകുഞ്ഞി(59) നാണ്‌ കമ്ബിവടി കൊണ്ടുള്ള അടിയേറ്റത്‌. സെപ്‌റ്റംബര്‍ 23ന്‌ രാവിലെ 5.45നാണ്‌ സംഭവം. കൊച്ചുകുഞ്ഞിന്റെ വീടിന്റെ തെക്കുവശത്തെ വാതിലിലെ കതകിലേക്ക്‌ അഴുക്കുവെള്ളം ഒഴിച്ചത്‌ ചോദ്യം ചെയ്‌തതിന്റെ പേരില്‍ ബാബു അടിച്ച്‌ വലതുകണ്ണിന്റെ ഭാഗത്ത്‌ മുറിവ്‌ ഏല്‍പ്പിക്കുകയായിരുന്നു. ലിംസിയും അക്രമത്തില്‍ പങ്കാളിയായിരുന്നു. ഇതിന്‌ പകരമായി ബാബുവിന്റെ ആസിഡ്‌ ഒഴിച്ചുവെന്ന്‌ ആരോപിച്ച്‌ വേറെ കേസ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഇതില്‍ കൊച്ചുകുഞ്ഞും ഭാര്യയും മക്കളും പ്രതികളാണ്‌. ജാമ്യമില്ലാ വകുപ്പിട്ട്‌ കേസ്‌ എടുത്തിരിക്കുന്നതിനാല്‍ ഇവര്‍ കുടുംബത്തോടെ ഒളിവിലാണ്‌. ഇപ്പോള്‍ അറസ്‌റ്റിലായ ബാബു സ്‌ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നയാളാണ്‌. റാന്നി സ്‌റ്റേഷനില്‍ ആറ്‌ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌. നല്ലനടപ്പ്‌ വ്യവസ്‌ഥയില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരവേ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട്‌ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചുവരികയാണ്‌. 2018 മുതല്‍ കേസുകളില്‍ പ്രതിയായ ഇയാളെ ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം ഊര്‍ജിതമാക്കിയ അനേ്വഷണത്തെ തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എം.ആര്‍. സുരേഷിന്റെ നേതൃത്വത്തിലുള്ള അനേ്വഷണസംഘത്തില്‍ എസ്‌.ഐ ശ്രീജിത്‌ ജനാര്‍ദ്ദനന്‍, എസ്‌.സി.പി.ഒ. ബിജു മാത്യു, സി.പി.ഓമാരായ ജോണ്‍ ഡി. ഡേവിഡ്‌, ജോസി മാത്യു, നീനു വര്‍ഗീസ്‌ എന്നിവരാണുണ്ടായിരുന്നത്‌.

Comments