വീട്ടുമുറ്റത്തെ കിണറ്റിൽ വീണ മൂന്നു വയസുകാരനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

 


ചിറ്റാരിക്കൽ: കിണറില്‍ വീണ മൂന്ന് വയസുകാരനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ പകല്‍ മൂന്ന് മണിയോടെയാണ് കടുമേനി കടയക്കര കോളനിക്ക് സമീപത്തെ വയലില്‍ സിബിയുടെ മൂന്ന് വയസ്സുള്ള മകന്‍ എമില്‍ ടോം കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറില്‍ വീണത്.പത്ത് കോല്‍ താഴ്ച്ചയുള്ള ആള്‍മറയുള്ള കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാൻ അയല്‍ക്കാരായ രണ്ട് പേര്‍ പിറകെ കിണറിൽ ഇറങ്ങി എങ്കിലും കുട്ടിയെ പുറത്ത് എത്തിക്കാനായില്ല. ഇവര്‍ കുട്ടിയെ മുങ്ങിപ്പോകാതിരിക്കാന്‍ പിടിച്ചു നിര്‍ത്തുക ആയിരുന്നു. തുടര്‍ന്ന് പെരിങ്ങോത്ത് നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി അശോകന്റെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാസേന എത്തി കുട്ടിയേയും രക്ഷിക്കാനിറങ്ങിയ രവി, ജയന്‍ എന്നിവരേയും സേഫ്റ്റി നെറ്റിന്റെ സഹായത്തോടെ കരയിൽ എത്തിച്ചു. കുഞ്ഞിന് പരിക്കില്ല.സേനാംഗങ്ങളായ ഇ.ടി സന്തോഷ്‌കുമാര്‍, പി.വി ബിനോയ്, പി.എ അനൂപ്, കെ സജീവ്, വി.പി സജിലാല്‍, ജോര്‍ജ് ജോസഫ്, പി.സി മാത്യു, പി.എന്‍ ജോസഫ്, വി.എന്‍ രവീന്ദ്രന്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

Comments