പിഎഫ്‌ഐ ഓഫീസുകള്‍ മുദ്രവെയ്ക്കും; ഉത്തരവ് ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ്

 


തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാന പൊലീസും ആഭ്യന്തര മന്ത്രാലയവും. നിരോധന ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ തന്നെ കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകള്‍ മുദ്രവെയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.

പോപ്പുലര്‍ ഫ്രണ്ടിലും നിരോധിച്ച അനുബന്ധ സംഘടനകളിലും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സഹായങ്ങള്‍ നല്‍കുന്നതും കുറ്റകരമായിരിക്കും. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹേബ് ഫൗണ്ടേഷന്‍ എന്നിവയാണ് നിരോധനം ഏര്‍പ്പെടുത്തിയ അനുബന്ധ സംഘടനകള്‍.
സംഘടന ഓഫീസുകളിലും നേതാക്കന്മാരുടെ വസതികളിലും അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയുള്ള നപടി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമായും ഏഴ് കാര്യങ്ങളാണ് ചൂണ്ടികാട്ടുന്നത്. കേരളത്തില്‍ സജ്ഞിത്ത്, നന്ദു, അഭിമന്യൂ കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷനില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.


Comments