കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പാമ്പുകളെ കൈമാറുന്നതിനിടെ രാജധാനി എക്‌സ്പ്രസില്‍ റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍
കണ്ണൂര്‍: രാജധാനി എക്‌സ്പ്രസില്‍ പെരുമ്പാമ്പുകളെ കടത്തിയ സംഭവത്തില്‍ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. പ്ലാസ്റ്റിക് ബാഗിലാക്കി നാല് പെരുമ്പാമ്പുകളെയായിരുന്നു കടത്തിയത്. എ-ടു കോച്ച് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ്മയാണ് റെയില്‍വേ സുരക്ഷാസേനയുടെ പിടിയിലായത്.
പാമ്പുകളെ വാങ്ങാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പാമ്പുകളെ കൈമാറുന്നതിനിടെയാണ് കമല്‍ കാന്ത് ശര്‍മ്മ പിടിയിലായത്. കണ്ണൂരിലെത്തിയപ്പോള്‍ കമല്‍കാന്ത് പ്ലാസ്റ്റിക് പെട്ടിയുമായി പുറത്തുവരുന്നത് കണ്ട എസ്‌കോര്‍ട്ടിങ് എഎസ്‌ഐയും സംഘവും സംശയം തോന്നി പെട്ടി പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെട്ടിയില്‍ വ്യത്യസ്ത നിറങ്ങളിലുള്ള പെരുമ്പാമ്പുകളെയായിരുന്നു കണ്ടത്.
എസ്‌കോര്‍ട്ടിങ് എസ്‌ഐയും സംഘവും എത്തിയതോടെ പാമ്പുകളെ വാങ്ങാനെത്തിയ ആള്‍ കടന്നുകളഞ്ഞു. വസായി റോഡ് സ്‌റ്റേഷനില്‍ നിന്ന് പേരറിയാത്ത ഒരാള്‍ അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞാണ് പെട്ടി ഏല്‍പ്പിച്ചതെന്നും, വാങ്ങാന്‍ കണ്ണൂരില്‍ ആളെത്തുമെന്ന് പറഞ്ഞതായുമാണ് കമല്‍കാന്ത് നല്‍കിയ വിശദീകരണം.
ആര്‍പിഎഫ് നിര്‍ദേശിച്ചത് പ്രകാരം കമല്‍കാന്ത് പാമ്പുകളെ വാങ്ങാനെത്തിയ ആളെ വിളിച്ച് കോഴിക്കോട് വന്നാല്‍ സാധനം നല്‍കാമെന്ന് അറിയിച്ചു. ഇതനുസരിച്ച് കോഴിക്കോട് എത്തിയപ്പോഴാണ് ഇയാളെ ആര്‍പിഎഫ് പിടിച്ചത്. പാമ്പുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലയുണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്. നിയമവിരുദ്ധമായാണ് പാമ്പുകളെ കടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
Comments
Post a Comment