ടെഹ്റാന്‍: ഇറാനില്‍ സര്‍ക്കാരിനെതിരെ പൊട്ടിപുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്.ഇതിനിടയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധത്തില്‍ നാൽപത്തിയൊന്നുകാരന്‍ കൊല്ലപ്പെട്ടത് സ്ഥിതി കൂടുതല്‍ വഷളാക്കി. സംഭവത്തെ തുടര്‍ന്ന് എഴുന്നൂറോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട ജാവേദ് ഹേയ്ദാരിയുടെ സംസ്‌കാര ചടങ്ങുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുകയാണ്. ഏറെ ഹൃദയഭേദകമായ വീഡിയോയില്‍ ഹേയ്ദാരിയുടെ സഹോദരി ദുഃഖം സഹിക്കാനാവാതെ മുടിമുറിക്കുന്ന ദൃശ്യങ്ങളാണുള്ളത്. പൊട്ടിക്കരയുന്ന യുവതിയെ സമാശ്വാസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും ചുറ്റും നിൽക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. അതിനിടെയാണ് ഇവര്‍ ദുഖം നിയന്ത്രിക്കാനാവാതെ സ്വന്തം മുടി മുറിക്കുന്നത്.
ഇറാനെ പിടിച്ചുലച്ചുകൊണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമാകുമ്പോള്‍ അടിച്ചമര്‍ത്തല്‍ നടപടികളുമായി സര്‍ക്കാരും മുന്നോട്ടുപോകുകയാണ്. ഇത് പ്രതിഷേധം കൂടുതല്‍ ആളിക്കത്താന്‍ ഇടയാക്കി. 2019ല്‍ ഇന്ധനവില വര്‍ധിച്ചതില്‍ പൊട്ടിപുറപ്പെട്ട പ്രതിഷേധ സമരങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ഇറാനെ പിടിച്ചുലക്കുന്ന ജനകീയ പ്രക്ഷോഭം പൊട്ടിപുറപ്പെടുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്റര്‍നെറ്റ് സംവിധാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹിജാബ് ധരിക്കാത്തില്‍ ഇറാന്‍ സദാചാര പൊലീസ് അറസ്റ്റു ചെയ്ത ഇരുപത്തിരണ്ടുകാരിയായ മഹ്സഅമിനി കസ്റ്റഡിയില്‍ മരിച്ചതാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതാണ് മഹ്സഅമിനിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അതേസമയം മഹ്സഅമിനി മരിച്ചത് ഹൃദായാഘാതം മൂലമാണെന്ന് ഇറാന്‍ പൊലീസും അവകാശപ്പെട്ടു.
അതേസമയം ഇറാനില്‍ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ യുവതി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പാരീസില്‍ നൂറുകണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. ഇറാന്‍ എംബസിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ നൂറുകണക്കിനാളുകളെ കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഫ്രഞ്ച് പൊലീസ് തടഞ്ഞത്. ലണ്ടനിലും സമാനമായ സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധിപേര്‍ പൊലീസുമായി ഏറ്റുമുട്ടിയത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത് ഇറാന്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തിയവരെ തടയാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്
Comments
Post a Comment