മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നു; വൈദികനെ മര്‍ദിച്ച് അവശനാക്കി ഗൃഹനാഥന്‍

 


തൃശൂര്‍ കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വൈദികന് നേരെ ആക്രമണം. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ഇന്ന് ഉച്ചയോടെ ആക്രമണമുണ്ടായത്. ഇടവക അംഗവും കാണിയാമ്പാല്‍ സ്വദേശിയുമായ വില്‍സണ്‍ എന്നയാളാണ് അക്രമം നടത്തിയത്. മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്നതിനായിരുന്നു വൈദികന് നേരെ ഇയാള്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വില്‍സണ്‍ എന്നയാള്‍ ഫാ ജോബി താമസിക്കുന്ന തെക്കേപുറത്തെ വീട്ടിലെത്തുകയും ആക്രമണം നടത്തുകയുമായിരുന്നു. തലയിലും ശരീരത്തിലും സാരമായി പരിക്കേറ്റ വൈദികനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദികന്റെ ഭാര്യയും മകനും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്.വില്‍സന്റെ മകളുടെ വിവാഹം ഇടവക അംഗം കൂടിയായ ഒരാളുമായി നേരത്തെ കഴിഞ്ഞിരുന്നു. തനിക്ക് താല്പര്യമില്ലാത്ത ഈ വിവാഹം നടത്താന്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടുനിന്നു എന്നാരോപിച്ചായിരുന്ന വില്‍സന്റെ ആക്രമണം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments