*വാകേരി ബാലകൃഷ്ണനെയും റിപ്പര്‍ ചന്ദ്രനെയും കണ്ണൂരില്‍ തൂക്കിലേറ്റിയിട്ട് 28 വര്‍ഷം*




കണ്ണൂര്‍: നിരവധി പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് കേരളത്തില്‍ ഏറ്റവുമൊടുവില്‍ തൂക്കിക്കൊന്നത്. അതിന് ശേഷം സംസ്ഥാനത്തെ സെഷന്‍സ് കോടതികള്‍ വിധിച്ച വധശിക്ഷകളില്‍ മിക്കതും ഹൈക്കോടതിയും സുപ്രീം കോടതിയും റദ്ദാക്കുകയും ജീവപര്യന്തമായി ഇളവ് വരുത്തുകയും ചെയ്തു. ആലുവ കൂട്ടക്കൊല കേസില്‍ പ്രതി ആന്റണിയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും ജില്ലാ കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കും മുമ്പേ സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചതിനാല്‍ നടപ്പായില്ല.
മൂന്ന് വര്‍ഷത്തിന് ശേഷം ഇന്നലെ ജീവപര്യന്തമായി ഇളവ് നല്‍കിയതോടെ ആന്റണിയുടെ വധശിക്ഷ അടഞ്ഞ അധ്യായമായി. 1990ല്‍ വാകേരി ബാലകൃഷ്ണനെയും 1991ല്‍ റിപ്പര്‍ ചന്ദ്രനെയും തൂക്കിക്കൊന്നതാണ് കേരളത്തില്‍ നടപ്പാക്കിയ വധശിക്ഷകള്‍. ഇരുവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് തൂക്കിക്കൊന്നത്. അമ്മയെയും മകളെയും മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വയനാട് സ്വദേശിയായ വാകേരി ബാലകൃഷ്ണനെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
കാസര്‍ക്കോട്, തെക്കന്‍ കാനറ ജില്ലകളില്‍ ഉറങ്ങിക്കിടന്നവരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ കാസര്‍ക്കോട് സെഷന്‍സ് കോടതിയാണ് റിപ്പര്‍ ചന്ദ്രന് വധശിക്ഷ വിധിച്ചത്. മംഗലാപുരം, കാസര്‍ക്കോട് പോലീസ് സംഘങ്ങളുടെ നീണ്ട അന്വേഷണത്തിനൊടുവിലാണ് സീരിയല്‍ കില്ലറായ റിപ്പര്‍ ചന്ദ്രന്‍ വലയിലായത്. 1985 ഒക്ടോബര്‍ 10ന് പുലര്‍ച്ചെ കാസര്‍ക്കോടുകാരായ നരസപ്പയ്യ ഹാന്‍സയേയും ജോലിക്കാരനായ വിശ്വനാഥനെയും തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു വധശിക്ഷ. ഇവരെയുള്‍പ്പെടെ ഏഴ് പേരെയാണ് ചന്ദ്രന്‍ അടിച്ച് കൊന്നത്. ഇരുവരുടെയും ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി. ഇതും തള്ളപ്പെട്ടതോടെയാണ് കഴുവിലേറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ഏകാന്ത സെല്ലില്‍ വാകേരി ബാലകൃഷ്ണനെയും റിപ്പര്‍ ചന്ദ്രനെയും അടുത്തടുത്ത തടവറകളിലാണ് പാര്‍പ്പിച്ചിരുന്നത്. നിരപരാധികളെ തലക്കടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രന് വധശിക്ഷ വിധിച്ചിട്ടും ഇയാള്‍ക്ക് ഒരു ഭാവഭേദവുമില്ലായിരുന്നു. കോടതികളില്‍ ഹാജരാക്കുമ്പോള്‍ ജഡ്ജിമാരെയും പോലീസുകാരെയും അസഭ്യം പറയുകയും ചെയ്യുന്ന ചന്ദ്രന്റെ സ്വഭാവം ജയിലിലും ഇതുതന്നെയായിരുന്നു.
എന്നാല്‍ വാകേരി ബാലകൃഷ്ണനെ തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ കണ്‍മുന്നില്‍ കണ്ടതോടെ റിപ്പര്‍ ചന്ദ്രന്റെ മനസ്സിളകി. മരണം അടുത്തെത്തിയെന്ന് ഉറപ്പായതോടെ രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടി. തന്നെ രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ള സാംസ്‌കാരിക നായകര്‍ക്ക് കത്തെഴുതി. ചന്ദ്രന്റെ കത്ത് കിട്ടിയ അഴീക്കോട് തന്റെ പ്രശസ്തമായ ‘തത്വമസി’ എന്ന കൃതിയുമായി ജയിലില്‍ എത്തി ചന്ദ്രനെ കണ്ടത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ ഇല്ലാത്തതിനാല്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌ക്കരിക്കുകയായിരുന്നു.














Comments