കണ്ണൂർ കസ്റ്റംസ് റെഡി

കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിയമിച്ചു.


ശ്രീകണ്ഠപുരം വാർത്ത November 27, 2018
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിയമിച്ചു. 35 ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ടത്തിൽ നിയമിച്ചിട്ടുള്ളത്. ഇവർ ഡിസംബർ ഒന്നു മുതൽ ചുമതലയേൽക്കും.
രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ നേരത്തെ നിയമിച്ചിരുന്നു. ഇവരോടൊപ്പം 18 ഇൻസ്‌പെക്ടർമാർ, ഒമ്പത് സൂപ്രണ്ടുമാർ, ആറ് ഹവിൽദാർമാർ എന്നിവരാണ് ആദ്യ ഘട്ടത്തിൽ നിയമിതരായത്. ഇവർ ചുമതലയേൽക്കുന്നതോടെ വിമാനത്താവളം കസ്റ്റംസ് ഏരിയയായി പ്രഖ്യാപിക്കും. 
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ കീഴിലാണ് കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗവും പ്രവർത്തിക്കുക. കൂടുതൽ വിമാന സർവ്വീസുകൾ തുടങ്ങുന്നതോടെ കൂടുതൽ ഉദ്യോഗസ്ഥരെ കണ്ണൂർ വിമാനത്താവളത്തിൽ നിയമിക്കും.
സ്വർണ്ണക്കടത്തും മറ്റും തടയാൻ ആധുനിക സംവിധാനങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സ്‌കാനറുകൾ, എക്‌സ് റേ, മെറ്റൽ ഡിറ്റക്ടറുകൾ തുടങ്ങിയവ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തിച്ചിരുന്നു.





Comments