കരിമ്പം ജില്ലാ കൃഷിത്തോട്ടം വിനോദസഞ്ചാരകേന്ദ്രമാക്കും
29Nov2018
തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിത്തോട്ടം വിനോദസഞ്ചാരകേന്ദ്രമാക്കും. ഒന്നരകോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ അൻപതുലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കും.
ചരിത്രസ്മാരകങ്ങളുള്ള ഫാമിന് 113 വർഷത്തെ പഴക്കമുണ്ട്. ജില്ലാ പഞ്ചായത്താണ് ഫാം നവീകരിക്കുക. കുറുമാത്തൂർ പഞ്ചായത്തിൽ 140 ഏക്കറിലധികം സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഫാം 1905-ലാണ് സ്ഥാപിച്ചത്. ഫാമിനോടനുബന്ധിച്ച് സ്ഥാപകനായ ഡോ. ചാൾസ് ആൽഫ്രഡ് ബാർബർ നിർമിച്ച ബാർബർ ബംഗ്ലാവും സ്ഥിതിചെയ്യുന്നു. കാലപ്പഴക്കത്താൽ താമസയോഗ്യമല്ലാതായ ബംഗ്ലാവ് നവീകരിക്കുന്നതുൾപ്പെടെ സമഗ്രമായ വികസന വിനോദസഞ്ചാര പദ്ധതിയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്.
കരിമ്പം ഫാമിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ഡോക്യുമെന്ററി, ഫാമിനായി വെബ്‌സൈറ്റ്, ചിത്രങ്ങളും വിശദീകരണങ്ങളുമുള്ള കോഫി ടേബിൾ ബുക്ക്, ലൈബ്രറി എന്നിവ തയ്യാറാക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി. 1958-ൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവും മകൾ ഇന്ദിരാഗാന്ധിയും കരിമ്പം ഫാമിലെത്തി താമസിച്ചിരുന്നു. രാഷ്ട്രപതി വി.വി.ഗിരിയും മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. ഉൾപ്പെടെയുള്ളവരും ഫാമിലെ ബംഗ്ലാവിലെത്തി താമസിച്ചിരുന്നു. വിശിഷ്ടാതിഥികളുടെ കൈയൊപ്പ് പതിഞ്ഞ രേഖകൾ ഇന്നും ഫാമിൽ സൂക്ഷിച്ചിട്ടുണ്ട്. കൃഷിത്തോട്ടം നവീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതോടെ തൊഴിൽസാധ്യതകൾക്കും വഴിതുറക്കും. കരിമ്പം ഫാം നവീകരണത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രൻ, അഗ്രിക്കൾച്ചറൽ ഡി.സി.എ. പീതാംബര ബാബു, ഡി.എ.എഫ്. സൂപ്രണ്ട് എം.കെ.അനിത തുടങ്ങിയവർ പങ്കെടുത്തു.
മികച്ച താമസസൗകര്യവും ഒരുക്കും
വിനോദസഞ്ചാരികൾക്കായി മികച്ച താമസസൗകര്യവും ഒരുക്കും. ഫാമിലേക്ക് വെള്ളമെത്തിക്കുന്ന ജലസ്രോതസ്സുകൾ നവീകരിച്ച് വിപുലപ്പെടുത്തും. ടൂറിസ്റ്റുകൾക്ക് പ്രദേശത്തെ കുളങ്ങളിൽ ചൂണ്ടയിടാനുള്ള സൗകര്യവും പക്ഷിനിരീക്ഷണത്തിനായി ഏറുമാടങ്ങളും ഒരുക്കും
Comments
Post a Comment